2013 ഓഗസ്റ്റ് 14, ബുധനാഴ്‌ച

പൂജ്യത്തിനും താഴെ


ചെമ്പകമരത്തിന്റെ ചാഞ്ഞ ചില്ലയിലൊന്നിൽ 
ചുള്ളിക്കമ്പുകൾകൊണ്ടൊരു 
കിളിക്കൂട് .
കാറ്റിലാടിയുലഞ്ഞ്  
കളിചിരി ചൊല്ലാൻ ചെന്ന 
മന്ദാരപ്പൂവുകൾക്കന്നും
നിരാശമഴ.
കൂട്ടിനുള്ളിൽ കിളിപ്പെണ്ണൂ 
കൂട്ടുകാരനെ
ധ്യാനിച്ചുണ്ണാതുറങ്ങാതെ..
                    
മുറിക്കുള്ളിൽ കുക്കൂ ക്ലോക്കിൻ
നിലച്ച മിടിപ്പുകൾ.

നെഞ്ചോടുപറ്റിച്ചേർന്ന 
നിറംപോയ കുഴലുകൾക്കുള്ളിൽ 
നുരയുന്ന മരുന്നുകൾ
നാഗമായ് ഇഴയുന്നു.

വെളുത്ത മാലാഖമാർ 
വിളിക്കാതരികെയെത്തി
തുളച്ചുകയറ്റിയ 
ചിരിയിൽ പൊതിഞ്ഞ കയ്പ്പ് 
ഇടക്കറിയാതെ
സ്വപ്നമായ് മധുരിച്ചു.

പൂജ്യത്തിനും താഴേക്കായും
 ഋണജീവനേ നോക്കി
കുഞ്ഞുചില്ലുകൂടുകൾക്കുള്ളിൽ 
സൂചികൾ വിറയാർന്നു.

നിൻ  നവലോകത്തേക്കൊരു    
പുതു ജീവൻകൂടി 
അടവിരിഞ്ഞുണരാനായ് 
അണയുന്നതിൻ മാധുര്യം
ചെമ്പകമരത്തിലെ കൂട്ടുകാരീ
മന്ദാരപ്പൂക്കളുമായ് നീ 
പങ്കുവെച്ചോളൂ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍