2013 ജൂലൈ 7, ഞായറാഴ്‌ച

ആദ്യത്തെ ടേപ്പ് റെകോർഡർ


സ്കൂൾ വിടാനുള്ള  ബെല്ലടിച്ചപ്പോൾ അന്ന് പതിവില്ലാതെ ഞാൻ ക്ലാസിൽ നിന്നിറങ്ങിയോടി.  ആമ  എന്ന് വിളിച്ചു കളിയാക്കാറുള്ള മുതിർന്ന  ക്ലാസിലെ കുട്ടികളെ ഈ മൂന്നാം ക്ലാസുകാരൻ ഇന്ന് പിന്നിലാക്കും. തീർച്ച. 

 ഒരിക്കൽ മലയടിവാരത്തിൽ  ഇടയചെറുക്കനെ വകവയ്ക്കാതെ കൂട്ടം തെറ്റി വന്ന് എന്നെ   കൊമ്പിൽ കോർത്ത്‌ തൂക്കി എറിഞ്ഞ  കാളക്കൂറ്റൻ കാണാത്ത ഭാവത്തിൽ കൊമ്പ് കുലുക്കി മറ്റു കന്നുകാലികൾക്കൊപ്പം നടന്നു നീങ്ങി. അന്ന് വഴിയിൽ തൂവിപ്പോയ  ചൂടു ചോറിന്റെ ഓർമ്മയിൽ  പൊതിയാത്ത പുസ്തകക്കൂട്ടത്തിനിടയിൽ ചോറ്റുപാത്രം ചേർത്ത്, ശ്വാസമടക്കി  അത് മറയുന്നത് വരെ ..  

ദൂരെ നിന്ന് എന്നും ചിന്നം വിളിച്ചു പേടിപ്പെടുത്താറുള്ള കാട്ടുകൊമ്പൻ ഭവ്യതയോടെ ചെവിയാട്ടി നിന്നു.   നൂൽപ്പാലത്തിനു മുകളിലൂടെ  കുത്തിയൊഴുകി  വരാറുള്ള  പുഴ ശാന്തമായി താഴ്ന്നോഴുകി. ഒരു പറവപോലെ ഞാൻ .  

മാസങ്ങളുടെ കാത്തിരിപ്പ് തീരുന്നു. ദൂരെയുള്ള  ജോലിസ്ഥലത്തുനിന്നും അച്ഛൻ ഇപ്പോൾ വീട്ടിലെത്തിയിട്ടുണ്ടാവും.. അച്ഛന്  മറവി കൂടുതലാണ്. എങ്കിലും ചിലപ്പോൾ  മിട്ടായി കൊണ്ടുവരാതിരിക്കില്ല.  എനിക്ക് ഒന്നും വേണമെന്നില്ല . ഒന്ന് കണ്ടാൽ മതി. 
ഇത്തവണയും മുഖത്തു  താടി വെച്ചിട്ടുണ്ടാവുമോ ?  പത്താം  ക്ലാസിലെ ചേട്ടൻമാരേപ്പോലെ മുടി നീട്ടി വളർത്തിയിട്ടുണ്ടാവുമോ?  എന്തെങ്കിലും പുതിയ അത്ഭുതം അച്ഛൻ കൊണ്ടുവരും. ഉറപ്പ്.  ഇത്തവണയും കൂട്ടുകാരെ അതൊക്കെ ദൂരെ നിന്ന് കാണിച്ചു കൊടുത്താൽ മതി.  എല്ലാവരും എന്നെ അസൂയയോടെ നോക്കട്ടെ.

ചാണകം മെഴുകിയ ഇറയത്തിനു താഴെ ചെറിയ മണ്‍പടിയിൽ അച്ഛന്റെ ഭംഗിയുള്ള ചെരുപ്പുകൾ.  മേൽക്കൂര മേഞ്ഞ പുല്ലിന്റെ അതേ  നിറം. 
ഇറയത്തെ മിനുസമില്ലാത്ത മരബെഞ്ചിൽ  ഏതോ തടിച്ച പുസ്തകം.   ആഷ് ട്രേയിൽ  സിഗരറ്റ്  കുറ്റികൾ നീറിയെരിഞ്ഞുകൊണ്ടിരുന്നു.
അകത്തെ മുറിയിൽ   അറിയാത്ത ഭാഷയിൽ ആരോ  ഉറക്കെ പാടുന്നു. അച്ഛന്റെ സ്വരമല്ല. കേടായ റേഡിയോ അച്ഛൻ നന്നാക്കിയിട്ടുണ്ടാവും.   അടുക്കളക്ക് ചേർന്ന് മുത്തശ്ശി കിടക്കുന്ന  കുടുസ്സായ മുറിയിലെ  കാലൊടിഞ്ഞ കട്ടിലിൽ അതാ താൻ പ്രതീക്ഷിച്ച അത്ഭുതം. ഒരു പുതിയ റേഡിയോ!!. 
അരികെയെത്തി.  ഭംഗിയുള്ള സ്റ്റീൽ ബട്ടണുകളിലൊന്നിൽ  അറിയാതെ വിരലമർന്നപ്പോൾ  ഗായകൻ പൊടുന്നനെ പാട്ടുനിർത്തി . 

 പച്ച ഇഷ്ടിക വെച്ച് മറച്ച, ചിതൽ ശില്പമെഴുതിയ  കുഞ്ഞു കിടപ്പ് മുറിയിൽ  നിന്ന് അച്ഛൻ പുറത്തു വന്നു. 

 "ജാനകീ എന്റെ പുതിയ ടേപ്പ് റെകോർഡർ ആ ചെറുക്കൻ നശിപ്പിക്കാതെ നോക്കണം"  ഉടുപ്പെടുത്തിട്ട്  പതിവ് താവളത്തിലേക്കെങ്ങോ.

 അച്ഛനെ ശരിക്കും ഒന്ന് കാണാൻ കഴിഞ്ഞില്ല. ഇനി ഞാൻ ഉറങ്ങിയിട്ടെ വരൂ. രാവിലെ ഞാനെണീക്കുന്നതിന്  മുൻപ് പോകുമായിരിക്കും.
സിഗരട്ട് മണക്കുന്ന അച്ഛന്റെ ഉടുപ്പെടുത്തു ഞാൻ ഉമ്മ കൊടുത്തു. എന്റെ  അച്ഛൻ. എന്റെ മാത്രം.

 കത്തുന്ന കടൽ പോലെയുള്ള കണ്ണുകൾ  എന്നിൽ  നിന്നും മറച്ച്  പതുങ്ങുന്ന  പിടക്കോഴിയെപ്പോലെ കിടപ്പ്മുറിയുടെ ഒരു മൂലയിലെ പായയിൽ  അമ്മ.  കയ്യിലെ തൂമ്പാത്തഴമ്പുകൾ എന്റെ മുടിയിഴകളിലൂടെയോടിച്ച്..   
"അമ്മെ നോക്കൂ. പുതിയ റേഡിയോ. അല്ല ടേപ്പ് റെകോ "

അച്ഛൻ നിഴലായപ്പോൾ വീണ്ടും ഞാൻ എണീറ്റു. ചുവന്ന ബട്ടണിൽ   വിരലമർന്നപ്പോൾ  അതിന്റെ   ചെറിയ ജാല കത്തിനുള്ളിൽ നിന്ന്  രണ്ടു  ചക്രങ്ങൾ താളത്തിൽ കറങ്ങി. ഇത്തവണ  പക്ഷെ ആരുംപാടിയില്ല. 

വിറയാർന്ന കാൽ വെയ്പ്പോടെ മുത്തശ്ശി വന്ന് ഉമ്മറപ്പടിയിലിരുന്നു.  കയ്യിലെ   തുണി സഞ്ചിയിലെ  സാധനങ്ങൾ നിലത്തു വെച്ചു.
" ജാനകീ പോസ്റ്റുമാൻ വന്നോ? നാട്ടീന്നു എഴുത്ത് വല്ലോം ഒണ്ടോ??  
ഉച്ച തൊട്ടു നടക്കുന്നതല്ലേ ഒട്ടും വയ്യ.  അല്പം കഞ്ഞി വെള്ളം. ആ റേഷൻ കട്ക്കാരൻ മമ്മത് ഇനി മേലിൽ കടം ഇല്ല എന്ന് തീർത്തു പറഞ്ഞു. എന്റെ കുഞ്ഞിനു ഞാൻ"..

വെള്ളം കൈനീട്ടി വാങ്ങിയ മുത്തശ്ശിയുടെ നോട്ടം പുതിയ അത്ഭുതത്തിൽ ഉടക്കി. 

"അവൻ വന്നൂ അല്ലെ"??

പിന്നെ മുത്തശ്ശിയുടെ ദൃഷ്ടി തുറന്നു വെച്ച പെട്ടിയിലേക്കായി.  പെട്ടിക്കകത്ത്  കൂളിംഗ്‌ ഗ്ലാസ്‌, ക്യാമറ,  തിളങ്ങുന്ന മൂടിയുള്ള പേന, ചന്ദനത്തൈലം ..

 മുടിയേറ്റിൽ വാളോങ്ങി മുടി ചുഴറ്റി വട്ടം കറങ്ങി നിന്ന് തുള്ളുന്ന കാളിയെപ്പോലെ   മുത്തശ്ശി ഉറഞ്ഞു.. 

തളർന്നപ്പോൾ, അയോധ്യ വിറ്റു  മുടിച്ച്  ഒടുവിൽ ആരണ്യ വാസത്തിനു  കൈ പിടിച്ച  ഏക മകനു   ശാപ വര്ഷമായി തോറ്റം  പാട്ടുയർന്നു പിന്നെ അത് നേർത്തു നേർത്തൊരു തേങ്ങലായി.

ടേപ്പ് റെകോർഡറിന്റെ  രഥ ചക്രങ്ങൾമാത്രം ക്ഷീണമില്ലാതെ   മുന്നോട്ടോടി. ചരിത്രാലേഖനം തുടർന്നു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍