രാവിലെ തന്നെ എത്തിയതുകൊണ്ടു തകനാക മരത്തിനടിയിൽ താവളം കിട്ടി. താഴ്ന്ന ശിഖരങ്ങളുള്ള തണൽ മരമാണ് തകനാക. കായ്കൾ വെള്ളക്കപോലെയും ഇലകൾ പ്ലാവില പോലെയും. വളരാൻ കുഴിമടിയനെങ്കിലും "സീഷെല്ല്സിലെ" കടൽത്തിരകൾ തകനാക്കമരങ്ങളെ
താരാട്ടുപാടിയുറക്കിയുണർത്തി.
അസ്തമയം കഴിഞ്ഞേ ഇനി മടക്കമുള്ളൂ. കൂട്ടിനു ഭാര്യയും കുഞ്ഞുങ്ങളും പിന്നെ തലയിണമന്ത്രമാകാൻ ചന്ദ്രമതിയുടെ കഥകളും.
"ആൻസെ ഇന്റെന്ടെൻസ്" ബീച്ചിൽ അധികം ആൾത്തിരക്കില്ല. കടൽ ശാന്തം..
അര മണിക്കൂർ കഴിഞ്ഞുകാണും. അവർ ഇരുന്നതിന്റെ തൊട്ടു മുന്നിൽ ഒരു സായിപ്പും മദാമ്മയും ഇരിപ്പുറപ്പിച്ചു . സായിപ്പിന് അറുപതിനുമുകളിൽ പ്രായം . മദാമ്മ കുറച്ചുകൂടി ചെറുപ്പം.
വന്ന ഉടൻ സായിപ്പ് ഉടുപ്പൂരി മേനി പ്രദർശിപ്പിച്ചു.
"നല്ല ഐശ്വര്യമുള്ള കുടവയർ" . അയ്യാളുടെ ഭാര്യ പറഞ്ഞു.
അതുകേട്ടിട്ടോ എന്തോ സായിപ്പ് അവരെ നോക്കി ഒരു കുസൃതിച്ചിരി സമ്മാനിച്ചു. കവിളുകളിൽ സണ് സ്ക്രീൻ ലോഷൻ വെട്ടിത്തിളങ്ങി.
നല്ല വണ്ണമുള്ളതുകൊണ്ടാവണം ബീച്ചിലുള്ള മറ്റു സ്ത്രീകളേപ്പോലെ മദാമ്മ ഉടുപ്പൂരാൻ മിനക്കെട്ടില്ല.
കടൽ കരയെപ്രണയിച്ചുകൊണ്ടിരുന്നു. സായിപ്പും മദാമ്മയും ചുംബനങ്ങൾ കൈമാറിക്കൊണ്ടും .
"നവദംബതികൾ.. ഹണിമൂണിന് സീഷെൽസിൽ വ ന്നതായിരിക്കും.
പ്രായം വെച്ച് നോക്കിയാൽ രണ്ടാമത്തെയോ മൂന്നാമത്തെയോ കല്യാണമാവും " ചെറു ചിരിയോടെ ഭാര്യ.
അത് ശരിയായിരിക്കുമെന്നയാൾക്കും തോന്നി .വെള്ളക്കാരായതുകൊണ്ട് മക്കളും ബന്ധുക്കളുമൊന്നും രക്തം ദാഹിച്ചു പിന്നാലെ കൂടില്ലായിരിക്കും.
മദാമ്മ പിടിവിട്ടപ്പോൾ ക്യാമറ സായിപ്പിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു തൂങ്ങി. ഇടതു വശത്തുള്ള പാറക്കൂട്ടങ്ങൾക്കിടയിലെവിടെയോ സായിപ്പ് ക്യാമറയുമായി മറഞ്ഞു.
വെളുവെളുത്ത പഞ്ചാരമണൽത്തിട്ടയിൽ മദാമ്മ മലർന്നു കിടന്നു.
തെ ല്ലുകഴിഞ്ഞതും കടലിരംബത്തെ വെല്ലുന്ന കൂർക്കംവലി ഉയർന്നു.
കടലിനെ ധ്യാനിച്ച്, മനക്കോട്ടകൾ കെട്ടി അയാളും ഭാര്യയും.
പണിത മണൽക്കോട്ടകൾ പൊളിച്ചു പണിഞ്ഞു കുഞ്ഞുങ്ങൾ..
പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും സായിപ്പ് തലയുയർത്തി മദാമ്മയെ ഒളിഞ്ഞു നോക്കി.തലേന്നത്തെ ആലസ്യത്തിലാവണം മദാമ്മ നല്ല ഉറക്കത്തിൽ തന്നെ.
സായിപ്പ് പതിയെ... പ്രേമപരവശനായി ...അടിവെച്ചടിവെച്ച്..
അവർക്കരികെ എത്തിയതും ഒറ്റച്ചാട്ടം . മദാമ്മയുടെ മേൽ കമിഴ്ന്ന്..
കണ്ണടച്ചുതുറക്കും മുൻപ് സായിപ്പ് മുഖം പൊത്തി താഴെ. പഴയ വോളീ ബോൾ കളിയുടെ ഓർമ്മയിലാവണം വീണ്ടും കയ്യുയർത്തി മദാമ്മ അടിച്ചു. ആളറിയാതെ.
ചുണ്ട് പൊട്ടി ചോരയോലിപ്പിച്ചു സായിപ്പ്.
"അയാൾക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടോ". മൂക്കത്ത് വിരൽ വെച്ച് ഭാര്യ.
കടൽ വലിയൊരു ശബ്ദത്തോടെ വാപിളർന്നു.നുരയും പതയുമായി നീണ്ടു വന്ന
നാവ് സായിപ്പിന്റെ ചോരയുറ്റുന്ന ചുണ്ടുകൾനക്കിത്തുടച്ചു.
മദാമ്മ അയാളെ നെറുകയിൽ ചുംബിച്ച് ഇറുകെപ്പുണർന്നു.
തകനാക മരച്ചില്ലകൾ ആടിയുലഞ്ഞു കായ്കൾ പൊഴിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ