2013 ജൂൺ 12, ബുധനാഴ്‌ച

അപ്പൂപ്പൻ താടി

മരുഭൂമിയിലെ

ഇത്തവണയും വിമാനത്തിൽ കയറുമ്പോൾ അയാളുടെ കണ്ണുകൾ പരതി നടന്നു. എയർ ഹോസ്റ്റെസ്സ്മാർക്കിടയിൽ അവൾ ഉണ്ടാകുമോ ?
മൂന്ന് മാസങ്ങൾക്ക് മുൻപ്‌ ദോഹ സിങ്കപ്പൂർ യാത്രയിലാണ്  ആദ്യമായി അവളെ കാണുന്നത്. പായൽ എന്ന വെളുത്തു മെലിഞ്ഞ സുന്ദരിയായ ഇൻഡോർകാരി  പെണ്‍കുട്ടി.

ഇതുപോലെ ഉള്ള ദൂരയാത്രകളിൽ കമ്പനി അയാളെ ബിസിനസ്‌  ക്ലാസ്സിൽ യാത്ര ചെയ്യാൻ അനുവദിക്കാറുണ്ട്. ചുറ്റും ഇരിക്കുന്ന വലിയ വ്യവസായികൾക്കും   ഉയര്ന്ന  ഉദ്യോഗസ്തർക്കും  ഇടയിൽ ഇരിക്കാൻ  പലപ്പോഴും വിമ്മിട്ടം തോന്നും.വളരെ ദൂരം ഒന്നിച്ചു യാത്ര ചെയ്യുമെങ്കിലും പരസ്പരം കുശലാന്വേഷണങ്ങൾ പറയാൻ പോലും അവരൊക്കെ മടിക്കുന്നത് അയാൾ ശ്രദ്ധിച്ചിട്ടുണ്ട്. അവരുടെ  മുഖങ്ങളിൽ  ഒരു ഇളം മഞ്ഞ  നിറത്തിലുള്ള ആവരണം ഉണ്ട് എന്ന് തോന്നും.ഒളിപ്പിച്ചു വെച്ച അന്തർമുഖത്വം  ഇത്തരം ഘട്ടങ്ങളിൽ അയാൾക്ക്‌ തുണയാകും. തിരക്ക് കുറവാണെങ്കിൽ ഒരു സീറ്റ്‌ ഒഴിഞ്ഞു മാറി  അയാൾ ....

എയർഹോസ്റെസ്സുമാരിൽ അധികവും വെള്ളാരം കണ്ണുള്ളവർ . കണ്ണുതുറക്കാൻ മടിക്കുന്ന പൂച്ചക്കുഞ്ഞിന്റെ   മുഖമുള്ള  ചിലരും ഉണ്ടാകും.ഇന്ത്യക്കാർ  വളരെ അപൂർവ്വം.
യാത്രക്കാരിലും അറബ് വംശജരും വെള്ളക്കാരും ആയിരുന്നു കൂടുതൽ.പിന്നെ കുറെ ചൈനക്കാരും.ഇന്ത്യക്ക് കിഴക്കുള്ള എല്ലാ രാജ്യക്കാരും അയാൾക്ക് ചൈനക്കാർ ആയിരുന്നല്ലോ...

നാട്ടുകാരനെന്നറിയുമ്പോൾ ഇന്ത്യക്കാരായ എയർഹോസ്റെസ്സുമാർ  കൂടുതൽ സ്നേഹാന്വേഷണം നടത്താറുണ്ട്‌... ഒളിഞ്ഞിരിക്കുന്ന ഗൃഹാതുരത്വം അവര്ക്കുണ്ടാവാം. അവരുടെ എടുപ്പും നടപ്പും പല്ലുകൾ വെളിയിൽ കാണിച്ചുള്ള ചിരിയും സംഭാഷണവും എല്ലാം അയാളിൽ മടുപ്പുളവാക്കാറുണ്ട് .വംശഭേദമില്ലാതെ  ലോകമാകെ പടരുന്ന  ഒരു പെരുമാറ്റ പകർച്ചവ്യാധി. തൊട്ടതിനും പിടിച്ചതിനും "താങ്ക്യൂ" കേൾകുമ്പോൾ ചെറിയ കിളിവാതിലിലെ പ്രകാശം അയാൾക്കാശ്വാസമാകും.

സീറ്റിൽ ചാരിയിരുന്നപ്പോൾ പായലിനെ ആദ്യമായി കണ്ട ദിവസം അയാൾ ഓർത്തു.

ആയാത്രയിൽ അയാൾ അല്പം ക്ഷീണിതനായിരുന്നു.ദേഹത്ത് നേരിയ പൊള്ളൽ.ദോഹയിൽ രണ്ടു ദിവസമായി മഴ ഉണ്ട്.ഇതൊരു മഴപ്പനി തന്നെ.  
വിമാനത്തിനുള്ളിൽ അതിശൈത്യം തളം കെട്ടുന്നു. പനിയെയുംതണുപ്പിനെയുംശ്വാസംമുട്ടിച്ചുകൊല്ലാൻ അയാൾ സീറ്റ് ബെൽറ്റ്‌ പതിവിലും അധികം വരിഞ്ഞു കെട്ടി പുതപ്പെടുത്തു പുതച്ചു.

ഉള്ളുതണുപ്പിക്കാൻ  ശീതളപാനീയങ്ങളിൽ ഏതു വേണം എന്ന് ചോദിച്ചുകൊണ്ടാണ് പായൽ അടുത്ത് വന്നത്. ലിസ്റ്റിൽ അയാളുടെ പ്രീയപ്പെട്ട ലെമണ്‍ വിത്ത്‌ മിന്റ് ഉണ്ട്. 
 മുഖത്തു നോക്കാതെ പുതപ്പിനുള്ളിൽ ഇരുന്ന് അയാൾ അത് നിരസിച്ച് കണ്ണുകൾ ഇറുകി അടച്ചു.

വിമാനം പറന്നു പൊങ്ങിയപ്പോൾ അയാൾക്ക്‌ രക്തക്കുഴലുകളിൽ ശൂന്യത തോന്നി. പുറമേ  മേഘങ്ങളും ഉള്ളിൽ എയർ ഹോസ്റെസ്സുമാരും അപ്പൂപ്പൻ താടികളേപ്പോലെ പാറി  നടന്നു.
ഉച്ചഭക്ഷണത്തിനുള്ള ഓർഡർ എടുക്കാൻ അവൾ വീണ്ടും വന്നു.കണ്ണടച്ചിരുന്ന അയാളെ പതിഞ്ഞ സ്വരത്തിൽവിളിച്ചു.

"മിസ്റ്റർ ജേക്കബ് "
അയാൾകണ്ണ്തുറന്നു.മുന്നിൽ വെളുത്തു മെലിഞ്ഞ ഒരിന്ത്യൻ പെണ്‍കുട്ടി.ഏറിയാൽഒരിരുപത്തഞ്ചു വയസ്സ് പ്രായം. തന്റെ പേര്  യാത്രക്കാരുടെ ലിസ്റ്റിൽ നിന്ന് മനസ്സിലാക്കിയതാവണം.
"സ്വാഗതം. എന്റെ പേര് പായൽ. എന്താവശ്യത്തിനും ദയവായി വിളിക്കുക.  ലഞ്ചിനുള്ള  സമയം ആയി. ഓർഡർ എടുത്തോട്ടെ". സീറ്റിന്റെ വശത്തുനിന്നും മെനു കാര്ഡ് എടുത്തു കാണിച്ചു ആ കുട്ടി ചോദിച്ചു.

"എനിക്ക് അര മണിക്കൂർ കഴിഞ്ഞു മതി. തണുപ്പില്ലെന്കിൽ  അല്പം പോർട്ട്‌ വൈൻ തരൂ."
സ്വീഡൻകാരൻ സുഹൃത്ത്‌ മൈക്ക് ആണ് ഇതുപോലൊരു യാത്രയിൽ അയാളെ പോർട്ട്‌ വൈനിന്റെ  ആരാധകനാക്കിയത്.വിവാഹ വാര്ഷികത്തിനു അയാളുടെയും  ഭാര്യയുടെയും ജന്മ വർഷത്തിൽ വാറ്റിയെടുത്ത  പോർട്ട്‌ വൈൻ ഓർഡർ ചെയ്തു അവർ മാത്രമായി രാവ്  പകലാക്കി ആഘോഷിച്ച   കഥപറഞ്ഞു അന്ന് മൈക്ക് അയാളെ യവന ലോകത്തേക്ക് കൊണ്ടുപോയി.

അജ്ഞാതമായകാലത്ത് വിളഞ്ഞ മുന്തിരികളുടെ ജീവരക്തം നുണഞ്ഞ് അ യാളിരുന്നു.മുന്തിരിവള്ളികളുടെ പരേതാത്മാക്കൾ ക്രമേണ അയാളെ വരിഞ്ഞു മുറുക്കാൻ തുടങ്ങി.
"സർ ലഞ്ച് ഓർഡർ ചെയയാറായോ"??അര മണിക്കൂർ കഴിഞ്ഞപ്പോൾ മെനു കാർഡ്‌ കാട്ടി പായൽ വീണ്ടും.
അല്പസമയത്തിനുള്ളിൽ ഭക്ഷണം എത്തി.

"സർ ഇന്ത്യയിൽ നിന്നല്ലേ " വിളമ്പുന്നതിന്നിടയിൽ അവൾ
 "അതെ"
"സിങ്കപ്പൂർ ആണോ ജോലി"
"അല്ല ഖത്തറിൽ"
"ഏതു കമ്പനി?"
തെല്ലു അലോസരം തോന്നി എങ്കിലും അയാൾ പേര് പറഞ്ഞു

" എന്റ വുഡ്ബീക്ക്  ഖത്തറിൽ ഒരുജോലി വേണമായിരുന്നു. കുറെ വർഷങ്ങളായുള്ള പ്രണയം ആണ് ഞങ്ങളുടേത്. ദീപക്കിനു മാർക്കെറ്റിങ്ങിൽ  MBA ഉണ്ട്.ഞങ്ങളുടെ സ്വദേശമായ് ഇൻഡോറിൽ ജോലി ഉണ്ട്. പക്ഷെ ഇവിടെ ജോലി ശരിയാക്കാതെ ഇങ്ങോട്ട് വരില്ല എന്ന് പറഞ്ഞു. എനിക്ക് ജോലി രാജി വെക്കാൻ പറ്റിയ സാഹചര്യം അല്ല. മൂന്ന് മാസത്തിനുള്ളിൽ  രണ്ടിലൊന്ന്. മിക്കവാറും ഈ ജോലി വിടേണ്ടിവരും"
ഒറ്റ ശ്വാസത്തിൽ അവൾ. 

അയാൾക്ക് ആ സംഭാഷണം തുടരാൻ ഒട്ടും താല്പര്യംതോന്നിയില്ല. ഒരു പരിചയവും ഇല്ല.എന്നിട്ടുംഇത്തരം കാര്യങ്ങൾ വിളിച്ചു പറയാൻ ഒരു മടിയും ഇല്ല. വെളുക്കെ ചിരിച്ച് "കാറ്റ് വാൽക്" ചെയ്‌താൽ മര്യാദ പഠിക്കുമോ.

മുന്തിരിവള്ളികളുടെ ആത്മാക്കൾ അപ്പോൾ അയ്യാളുടെ നാവിൽ ആഞ്ഞു കൊത്തി വിഷമിറക്കി.

" ഞാൻ മാർക്കറ്റിംഗ് സൈഡ് അല്ല. എന്നിക്കൊന്നും  ചെയ്യാൻ കഴിയില്ല" അയാൾ   ഓരൊട്ടകപ്പക്ഷിയെപ്പോലെ ഭക്ഷണത്തിലേക്ക് മുഖം പൂഴത്തി.

പായൽ തിരിഞ്ഞു നടന്നു. അപ്പോൾ അവളുടെ മുഖം, നുള്ളിയെടുത്ത അരളിപ്പൂ പോലെ വിളറി വെളുക്കുന്നത്‌ അയാൾക്ക്‌കാണാമായിരുന്നു.

മൂക്കിലെ ശ്വാസം കയ്യിൽ പതിച്ചപ്പോൾ രോമം കരിയുന്നതായി അയാൾക്ക്‌ തോന്നി.ഒരു പനഡോൾ ഗുളികവീഴുങ്ങി. ഭക്ഷണം ശേഷിച്ച പ്ലാസ്റ്റിക്‌ പാത്രം  ഒരു വശത്തേക്ക് മാറ്റി വച്ച്, നിന്ന് നടുവ്  നിവർത്തി.


വിമാനം ഏതോ ചുട്ടുപൊള്ളുന്ന മരുഭൂമിക്കു മുകളിലൂടെ താണ്  പറന്നു. താഴെ മേഘങ്ങളുടെ പഞ്ഞിക്കെട്ടുകൾ ഉ ണ്ടായിരുന്നില്ല.അവിടെ കള്ളിമുൾക്കാടുകൾ  പെറ്റുപേരുകുന്നു.  കള്ളിച്ചെടികളുടെ മുള്ളുകൾ അയാളുടെ ദേഹത്തെവിടെയൊക്കെയോ കൊണ്ടുകയറി .
ഭക്ഷണശേഷിപ്പുകൾ എടുക്കാൻ പായൽ വന്നപ്പോൾ അയാൾ ശ്രദ്ധിച്ചു.പ്കർച്ചവ്യാധി ചിരിയും ചലനങ്ങളും  ഈ കുട്ടിയുടെ പെരുമാറ്റത്തിൽ ഇല്ല  തീർച്ച. പകരം നേരിയ  വിഷാദഭാവം ആ കണ്ണുകളിൽ തുളുമ്പുന്നുണ്ടുതാനും.അവൾ അര മണിക്കൂർ നേരം ഭംഗി വാക്കുകൾ പറഞ്ഞില്ല .വളച്ചു കെട്ടില്ലാതെ കാര്യം പറഞ്ഞു.
മൂടുപടം  പൊട്ടിച്ചു വിത്തു സഞ്ചിക്ക്  പുറത്തു  വന്ന ഒരപ്പൂപ്പൻ  താടി പോലെ നേരിന്റെ തെളിമ.  
"കുട്ടീ എനിക്ക് വുഡ്ബീയുടെ സീവീ മെയിലിൽ അയച്ചു തരൂ. എന്റെ കയ്യിൽ വിസിറ്റിംഗ് കാർഡ്  ഇല്ല. ഒരു പേപ്പർ തരൂ ഞാൻ ഇമെയിൽ അഡ്രസ്‌ തരാം. "
നന്ദി പറഞ്ഞു അവൾ  പോയി.
പിന്നീടു പല തവണ അരികെ കൂടി പോകുമ്പോഴും ഇമെയിൽ അഡ്രസ്സ്  എഴുതാൻ പേപ്പർ കൊണ്ടുവരും എന്നയാൾ കരുതി കൈനീട്ടാനൊരുങ്ങി. അപ്പോഴൊക്കെ ആ കുട്ടിയുടെ മുഖത്ത് ഒരു നിർവികാരത ഉണ്ടായിരുന്നോ എന്ന് പിന്നീടോർക്കുമ്പോൾ അയാള്ക്ക്  സംശയം തോന്നിയിട്ടുണ്ട്.
വിമാനം ഒരു പരുന്തിനെപ്പോലെ എയർപോര്ട്ടിനെമൂന്ന് വലം വെച്ച് പറന്നിറങ്ങി. ഇടയിലെപ്പോഴോ പനി  യാത്രപറഞ്ഞു പിരിഞ്ഞിരുന്നു.  ഹാൻഡ്‌ബാഗ്‌ എടുക്കാൻ  എഴുന്നേറ്റപ്പോൾഅയാൾ മുൻവശത്തെ കർട്ടനുള്ളിലൂടെ കണ്ണോടിച്ചു. ഇല്ല ആ കുട്ടി എന്തോ തിരക്കിലാണ്. തെല്ലു വിഷമത്തോടെ വിമാനത്തിനു പുറത്തിറങ്ങാൻ ഒരുങ്ങിയപ്പോൾ അതാ .. 

ആ കുട്ടി പിന്നിൽ നിന്ന്. 
"സർ , ഇതാ പേപ്പർ ..  
അയാൾ  ഇമെയിൽ ഐ ഡി എഴുതി. ചെറുചിരിയോടെ യാത്ര പറഞ്ഞു. പായൽ മറുചിരി സമ്മാനിച്ചോ എന്ന് ഇപ്പോൾ അയാൾക്ക്‌ ഓർക്കാനാവുന്നില്ല.

ആഴ്ചകൾക്ക് ശേഷം ഒരു സായാഹ്നം. ജാലകത്തിനരികിൽ നിന്ന് ഒരു വെള്ളരിപ്രാവ് ചിറകടിച്ചുയർന്നു.  ഇത് വരെ ആ കുട്ടി കാമുകന്റെ  സീവി  അയച്ചു തന്നില്ലല്ലോ. വേറെ ജോലി കിട്ടിക്കാണും. അയാൾ ആശ്വസിച്ചു.

ഇടക്കെപ്പോഴോ അയ്യാളുടെ ചിന്തകൾ  കാടുകയറി . ഇനി ജോലി കിട്ടിയില്ലെങ്കിൽ ആ കുട്ടിക്ക് ഇപ്പോഴുള്ള ജോലി ഉപേക്ഷിക്കേണ്ടി വരുമായിരിക്കും. വീട്ടിൽ പ്രാരാബ്ദങ്ങൾ കാണും. സഹായിച്ചില്ലെങ്കിലും അന്ന് എന്തെങ്കിലും മോശമായി പെരുമാറിയെങ്കിൽ മാപ്പ് പറയണം. മെയിലിൽ പറന്നു വരേണ്ട സീവിക്കായി അയാൽ കുരിശുവരച്ചു.

മൂന്നുമാസങ്ങൽക്കുള്ളിൽ ഇടക്കൊക്കെ അയാൾക്ക് സിങ്കപ്പൂരിനു  പോകേണ്ടി  വന്നു.അപ്പോഴൊക്കെ  അയ്യാളുടെ കണ്ണുകൾ   ആ കുട്ടിയെ  തേടി അലഞ്ഞു.  
                                                                       XXX

സീറ്റിൽ ചാരിയിരുന്ന്   തെല്ലുനേരം അയാൾ പുറം കാഴ്ചകൾ കണ്ടിരുന്നു. പ്രൊജക്റ്റ്‌ തീരുന്നു.ഇനി ഒരുപക്ഷെ ഒരു സിങ്കപ്പൂർ യാത്ര ഉണ്ടായി എന്ന് വരില്ല.

ആകാശം പൊടുന്നനെ മഞ്ഞ നിറമാർന്നു. പുറത്ത് ആരോ മണൽ വാരിയെരിഞ്ഞപോലെയുള്ള ശബ്ദം. ചക്രവാളത്തിന്റെ ഒരറ്റത്തുനിന്നു  വലിയ ഒരു മഞ്ഞ ഭിത്തി  അയാൾക്ക്  നേരെ പാഞ്ഞു വന്നു. പുറമേ നിന്ന ആളുകൾ   മൂക്കും വായും പൊത്തി അയാളുടെ കാഴ്ച്ചയിൽ
 നിന്നും  പലായനം ചെയ്തു.

മണല്ക്കാറ്റൊടുങ്ങിയപ്പോൾ അവിടമാകെ കള്ളിമുൾ ചെടികൾ വളർന്നു നിൽക്കുന്നതായി അയാൾക്ക്‌ തോന്നി. അതിലൊന്നിന്റെ മുള്ളിൽ  ഒരു അപ്പൂപ്പൻ താടി ഉടക്കി കിടന്നു.

വിമാനം ഉയര്ന്നു പൊങ്ങുമ്പോൾ തോന്നുന്ന നേരിയ ഭാരക്കുറവിനായി അയാൽ  അക്ഷമയോടെ കാത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍