2013 ജൂൺ 3, തിങ്കളാഴ്‌ച

ചാപിള്ളകളുടെ ദാഹം

ചാപിള്ളകളുടെ ദാഹം  എന്ന പുസ്തകവുമായി മല്ലിട്ടുകൊണ്ടാണ്  അയാൾ ഫ്ലൈറ്റിൽ നാലര മണിക്കൂർ സമയം ചിലവിട്ടത്. നാട്ടിൽ കാലവർഷം തുടങ്ങി എന്നറിഞ്ഞിരുന്നു. എയർപോർട്ടിനു വെളിയിൽ വന്നപ്പോൾ മഴ വഴി മാറി ഒളിഞ്ഞു നിന്നു . ഒരു ചെറു ചിരിയോടെ രവി വന്നു ബാഗ്‌ കവർന്നു.

"രണ്ടു ദിവസമായി കോരിച്ചൊരിയുന്ന മഴയായിരുന്നു. ദാ ഒരു രണ്ടു മണിക്കൂറെ ആയുള്ളൂ തെളിഞ്ഞിട്ട്" രവി പറഞ്ഞു . വർഷങ്ങളായി രവി അയാളുടെയും കുടുംബത്തിന്റെയും കൂടെ താല്കാലിക ഡ്രൈവർ ആയി കൂടിയിട്ട്. പമ്പ്‌ ഹൗസൈൽ പാർട്ട്‌ ടൈം ജോലി ഉണ്ട്.

കൊച്ചിയുടെ തിരക്ക് കഴിഞ്ഞു കിട്ടിയപ്പോൾ  കാർ ഒഴുകി നീങ്ങി. പുതുമഴയിൽ കലങ്ങിയ പുഴകളിൽ മീന്പിടിക്കാൻ വലയുമായി വഴിനീളെ യുവാക്കളുടെ നിര തിക്കിത്തിരക്കി.
"പുതുവെള്ളത്തിൽ ഊത്ത കേറും. മീൻ  പിടിക്കാൻ എളുപ്പമാ" രവി പറഞ്ഞു

കാർ കോട്ടയത്തെത്താറായപ്പോൾ അയാളുടെ കണ്ണുകൾ വിടർന്നു. അക്ഷരനഗരിയിൽ ചുവരായ ചുവരെല്ലാം നിറയെ ചുവർചിത്രങ്ങൾ. പുതിയ പരീക്ഷണം നന്നായി. അയാൾ സ്വയം.

വീട്ടിൽ എത്തിയാൽ ഉടൻ അയാൾ നേരേ പോകുക ഉമേഷിന്റെ ബേക്കർ ജംക്ഷനിൽ ഉള്ള" പ്രിയ ബെക്കറി"യിലെക്കാണ്. വര്ഷങ്ങളായുള്ള ചങ്ങാത്തം. ചൂട് കാപ്പിക്കൊപ്പം പുതിയ വിശേഷങ്ങൾ കൊറിച്ച് ചന്നം പിന്നം പെയ്യുന്ന മഴകണ്ടങ്ങിനെ അവർ ..

ഫോണിൽ അമ്മാവൻ. വന്ന വാര്ത്ത അറിഞ്ഞു വിളിക്കുന്നതാണ്
" നീ രണ്ടു ദിവസത്തേക്ക് ഓടി വന്നതാ അല്ലെ ? എന്നെ കാണാൻ വരാൻ ഇത്തവണ സമയം കിട്ടില്ല അല്ലെ ? പരമേശ്വരൻ ചേട്ടൻ പെട്ടെന്ന് അറ്റാക്ക്‌ വന്നു പോയി.. ദേവകിയുടെ വീടുപണി അതെ പടി തന്നെ .. കഷ്ടം ".
അമ്മാവൻ തുടങ്ങിയാൽ നിർത്തില്ലല്ലോ .
"വ്പിന്റെ കാര്യം എങ്ങിനെ ഉണ്ട് ? വല്ല പുരോഗതിയും ഉണ്ടോ?" അയാൾ തിരക്കി.
"ഓ എന്തു  പറയാനാ.. ചെരുപ്പുകടയിലെ ജോലിയും അവൻ ഉപേക്ഷിച്ചു. അറ്റകൈക്ക് ഞാൻ കടം എടുത്തു ഒരു സെക്കന്റ്‌ ഹാൻഡ്‌ ഓട്ടോറിക്ഷ വാങ്ങി കൊടുത്തു. അന്പത്തയ്യായിരം രൂപയായി. മാസ അടവ് കുറച്ചു  വേറെ ഉണ്ട്. അതവനോടു അടക്കാൻ പറഞ്ഞു. അത് പോലും അവനു വയ്യ. കിട്ടുന്ന പൈസ കുടിച്ചു മുള്ളും.. മൂന്നു പെണ്‍മക്കൾകൊടുവിൽ ഏക പുത്രനാ. എന്റെ വിധി".

 ഒരു യാചകൻ  വന്നു കൈ നീട്ടി. പിന്നെ ചുവന്നു കലങ്ങിയ കണ്ണുകളോടെ അവരെ തുറിച്ചു നോക്കി പിറുപിറുത്തു നടന്നു നീങ്ങി.

കടയുടെ മുകളിലത്തെ നിലയിലെ വക്കീൽ ഓഫീസിൽ നിന്നും ഒരു സ്ത്രീ ഏണിപ്പടികൾ ഇറങ്ങി വന്നു.  നാൽപത്തഞ്ചോളം പ്രായം. മെലിഞ്ഞിരുണ്ട പ്രകൃതം. കറുപ്പും വെളുപ്പും പുള്ളികളുള്ള  ഷിഫോണ്‍ സാരി ഉടുത്തിരിക്കുന്നു. എണ്ണവച്ചൊതുക്കിയ നര കയറാത്ത മുടി.
എവിടെയോ കണ്ട നല്ല പരിചയം . അയാൾ ഓർമമയിൽ പരതി.
"മുരളി വക്കീലിന്റെ പുതിയ ഗുമസ്തയാണ്. സരളച്ചേച്ചി". ഉമേഷ്‌ പരിചയപ്പെടുത്തി.
 അവർ ചിരിച്ചു.
"സാറെ എന്റെ മോന്റെ പ്ലസ്‌ ടു റിസൾട്ട്‌ വന്നു. 1200 മാർക്കിൽ ഒരു മാർക്ക് മാത്രമേ പോയുള്ളൂ".
അവരുടെ കണ്ണുകളിൽ അഭിമാനത്തിരയിളക്കം.
മുന്നിലെ ചുവർ ചിത്രത്തിലെ വർണ്ണക്കൂട്ട്‌  അവരുടെ സാരിയിലേക്കും പിന്നീടു ദേഹത്തേക്കും മുഖത്തേക്കും പടരുന്നതായി അയാൾക്ക് തോന്നി.
"മലയാളം മീഡിയത്തിൽ പഠിച്ചിട്ട് പ്ലസ്‌ വണ്‍ എത്തിയപ്പോൾ അവനു വലിയ ബുദ്ധിമുട്ടായിരുന്നു. ട്യൂഷനു വിടാൻ ഒന്നും വകയില്ലല്ലോ.സ്കൂളിലെ  സാറന്മാർ അവനു ഫ്രീ ട്യൂഷൻ എടുത്തു കൊടുത്തു സഹായിച്ചു. അതുകൊണ്ട് കൂടിയാ അവനു ഇത്രേം മാര്ക്ക് കിട്ടിയത്".

 ചിത്രമെഴുതാൻ പറ്റാത്ത നഗരപ്രാന്തങ്ങളിലെ  ഇടിഞ്ഞു പൊളിഞ്ഞ ചുവരുകൾ പൊടുന്നനെ അയാൾക്ക് ഓർമ്മവന്നു. അവിടെ ചിത്രമെഴുതാൻ ശ്രമിക്കുന്നവരെക്കുറിച്ചോർത്തപ്പോൾ അയാളുടെ ദേഹത്ത് വിയര്പ്പ് പൊടിഞ്ഞു.
 ഉമേഷ്‌ സാധനം എടുത്തുകൊടുക്കാൻ തെല്ലെന്നു മാറി. അയാൾ ചോദിച്ചു 
"ചേച്ചിയുടെ  ഭർത്താവ് എന്ത് ചെയ്യുന്നു ?"
"പ്രത്യേകിച്ച്  വരുമാനമാര്ഗം ഒന്നും ഇല്ല സാറെ. രാഷ്ട്രീയപ്രവർത്തനം ഉണ്ട്"
അയാൾക്ക് തെല്ലു കൌതുകം തോന്നി 
"ഏതാണ് പാർട്ടി?"
അവർ പേര് പറഞ്ഞു
"നിനക്കറിയില്ലേ  നമ്മുടെ പവിത്രൻ ചേട്ടന്റെ ഭാര്യയാണ്". ഉമേഷ്‌ വീണ്ടും.
അത്യാവശ്യം പ്രശസ്തനായ ജില്ലാതല നേതാവ്.
 അയാൾ അവരെ ഒന്നുകൂടി നോക്കി.
ഉയര്ന്നു നിക്കുന്ന തോളെല്ലുകൾ തഴുകി നേരിയ ഒരു സ്വർണ്ണമാല . തഴമ്പു വന്നു ദൃഡമായ കൈകൾ.
"പാർട്ടി വല്ല ശമ്പളവും കൊടുക്കുമോ" ?
"ഇല്ല.  പക്ഷെ ഇഷ്ടം പോലെ വെള്ളം കിട്ടും".  അവർ കൈകൊണ്ട് ആങ്ഗ്യം കാണിച്ചു. 
കണ്ണ് നിറഞ്ഞപ്പോൾ അവർ തിരിഞ്ഞു നടന്നു. 
അല്പം ദൂരെ മൈക്കിൽ ഒരു പാസ്റ്റർ  മുരടനക്കി 
"പാപികളെ  നിങ്ങൾ പ്രായശ്ചിത്തം ചെയ്യുവാൻ വരുവിൻ"
ചാറിനിന്ന മഴ ആഞ്ഞു പെയ്തു.
വീണ്ടും അമ്മാവന്റെ ഫോണ്‍ കാൾ. അത് എടുക്കാതെ പകുതി വായിച്ചു വെച്ച "ചാപിള്ളകളുടെ  ദാഹം " തീർക്കാൻ അയാൾക്ക് ധൃതി  തോന്നി. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍