ആദിയിൽ കടലുണ്ടാകും മുൻപ്
കരയും കാടും
ഉറ്റ മിത്രങ്ങളായിരുന്നു
അവർ ചിരിയും കരച്ചിലും
നേരും നുണയും
പതിവായി നുണഞ്ഞു.
ഒരു നാൾ വിതുമ്പലോടെ
കര സ്വന്തം കഥയോതി
നിന്റെ കഥയിൽ എന്റെ കരലളിയുന്നു
ഒരു സായാന്ഹത്തിൽ
ചൂളം കുത്തി
കാറ്റ് വിളിച്ചപ്പോൾ
കാട് കരയെ മറന്നു
കരയുടെ കഥകൾ
കാറ്റിൻറെ ചിറകേറി
പൊടിപ്പും തൊങ്ങലുമായി
പാറിനടന്നു
കരയുടെ കരൾ ഉരുകി
കണ്ണീരായി കടലുണ്ടായി...
ശതകോടി ശിശിരങ്ങൾ തോറും
കാടു കരിയില പൊഴിച്ചു.
കാറ്റ് പകർന്ന കടൽ വെള്ളം നുകർന്ന്
വീണ്ടും തളിരിട്ടു..
പുതിയൊരു പ്രഭാതത്തിൽ
പഴയൊരു കരിയിലയും
പുതിയൊരു മണ്ണാങ്കട്ടയും
കണ്ടുമുട്ടി
ചിരപരിചിതർ പോലെ നമ്മൾ
അവർ അന്യോന്ന്യം പുണർന്നു
കഥയില്ലയ്മകളുടെ സല്ലാപം
മുറുകി ലഹരിയായി.
ഒരു ദിവസം മണ്ണാങ്കട്ട
സ്വന്തം കഥ പറഞ്ഞു
നിന്റെ ദുഃഖം എന്റേത് കൂടി
കരിയില പറഞ്ഞു
ഈ സങ്കടതീരത്തു നിന്ന് നമുക്ക്
കാശിക്കുപോയി മോക്ഷമടയാം...
വഴിയിലൊരു വളവിൽ
പതിയിരുന്ന കാറ്റ്
കരിയിലയെ ചുറ്റിപ്പിടിച്ചു.
പുതിയ കഥകേൾക്കാൻ സമയമായി
പകരം ഞാൻ നിന്നെ ഊഞ്ഞാലാട്ടാം
കരിയില കുറുകി
ഇര പുതിയൊരു മണ്ണാങ്കട്ട.
കാറ്റിന്റെ കാതിൽ കരിയില
മണ്ണാങ്കട്ടയുടെ കഥ മൊഴിഞ്ഞു
കരിയിലയെ വാനോളം ഉയർത്തി
കാറ്റ് പിൻവാങ്ങി
തിരികെ വന്ന്
മണ്ണാങ്കട്ടയെ നോക്കിപ്പുലമ്പി
നീ വെറുമൊരു മണ്ണാങ്കട്ട
മനമുരുകി മണ്ണാങ്കട്ട
മഴ കാത്തു കിടന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ