2013 ഏപ്രിൽ 8, തിങ്കളാഴ്‌ച

ഞാൻ


എന്റെ കളിപ്പാട്ടങ്ങൾ

കൈകൾ കാർന്നുതിന്നുന്നു 

ഞാൻ പോറ്റുന്ന  മൈന

കണ്ണുകൾ  കൊത്തിപ്പറിക്കുന്നു

എന്റെ നീലക്കുപ്പായം 

നീരാളിയായി ഞരംബുകളിൽ 

ഇറുകിപ്പിടിക്കുന്നു

എന്റെ പണസഞ്ചി 

ഉപ്പുവെള്ളത്തിൽ 

നനഞ്ഞു കുതിർന്നിരിക്കുന്നു

മുന്നോട്ടായാൻ ശ്രമിക്കവേ

നനുത്തകാലുറകൾക്കുള്ളിൽ 

ഒളിഞ്ഞിരുന്ന്

തകർന്ന പാന പാത്രത്തിന്റെ 

കൂർത്തസഫടികക്കഷ്ണം 

കറുത്ത ചോരചീറ്റിക്കുന്നു

മോഹിച്ചു വാങ്ങിയ 

കടും ചുവപ്പ് കാർ

മുരണ്ട് പിന്നോട്ട് പാഞ്ഞ്

തീയും പുകയും തുപ്പുന്നു

പ്രതീക്ഷനല്കി പ്രിയസുഹൃത്ത് 

പാഞ്ഞടുത്ത്‌ 

പിന്നീട് 

മറ്റെന്തോ തേടി ഓടിയകലുന്നു

അഭയമായിരുന്ന 

ഉപദേശ പുസ്തകത്തിന് 

അഹങ്കാരത്തിന്റെ അട്ടഹാസം 

ഞാൻ ആരാണ്??

എന്റെ കളിപ്പാട്ടങ്ങൾ 

അലമാര നിറഞ്ഞ വേഷങ്ങൾ 

മിനുത്ത പാനപാത്രങ്ങൾ

 ഉപ്പുചുവയുള്ള സമ്പാദ്യം

മോഹരക്തതിന്റെ സാക്ഷാത്കാരം

കരണ്ട് തീർത്ത പുസ്തകക്കൂട്ടങ്ങൾ

എന്റെ ചിന്തകൾ ഏറ്റുപാടിയ മൈന

അമൂല്യ സൗഹൃദം

സ്വയം നഷ്ടപ്പെടാൻ മനസ്സില്ലാതെ

ഞാൻ  ആശ്വസിക്കട്ടെ 

ഇവയൊന്നും ഇല്ലെങ്കിൽ

ഞാൻ ... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ആകെ പേജ്‌കാഴ്‌ചകള്‍