2013 ഏപ്രിൽ 27, ശനിയാഴ്‌ച

മിക്കി മൗസ്


1

നേപ്പാളി പയ്‌യൻ  മദൻ നാടുകടത്തപ്പെടുന്നതിനും  ഒരാഴ്ച മുന്പാണ് അയാളുടെ വാടക വീട്ടിൽ ‍ ആദ്യമായി എലി കയറിയത്.
വേനൽക്കാലം തുടങ്ങാൻ ഇനിയും രണ്ടു മാസമെങ്കിലും ഉണ്ട്.വെളിയിൽ തന്നുത്ത കാറ്റ് വീശുന്നു.അടുക്കളക്കു പിന്നിൽ അവർ നട്ടു വളർത്തിയ ചെറിയ തുളസിതോട്ടത്തിനരികെ അല്പം ശുദ്ധ വായു ശ്വസിച്ച് അയാൾ.
അടുക്കളയോടു ചേർന്ന് തന്നെയാണ് സ്വീകരണ മുറി. അയാളുടെ നാലു വയസ്സുകാരൻ മകൻ ടീവിയിൽ ‍ മിക്കി മൌസ് കാർട്ടൂണിൽ മുഴുകിയിരിക്കുന്നു.
"ഹോട്ട് ഡോഗ്, ഹോട്ട് ഡോഗ്, ഹൊറ്റ് ദിഗ്ഗെറ്റി ഡോഗ്
ടീവിക്കു മുന്നിൽ മിക്കിക്കും കൂട്ടുക്കാർക്കും ഒപ്പം അവനും ചുവടു വെക്കുന്നു.
മിക്കി മൌസിന്റെ പല നിറത്തിലുമുള്ള ബോമ്മകൾ ആണ് അവന്റെ പ്രധാനചങ്ങാതികൾ. ഉറങ്ങുമ്പോൾ കട്ടിലിൽ ഇരുവശത്തും പല നിറത്തിലുമുള്ള മിക്കിബൊമ്മകൾ സ്ഥാനം പിടിക്കും.
അയാളുടെ ഭാര്യ ചാരുകസേരയിൽ അല്പനേരം വിശ്രമത്തിൽ.

അയാളും കുടുംബവും വീടുമാറി അവിടെ വന്നിട്ട് ആറ് മാസത്തോളമേ ആയിരുന്നുള്ളൂ. ദുബായിയിൽ തന്നെയുള്ള ബർദുബായിയിലെ അപ്പാർട്ടുമെന്റിൽ ആയിരുന്നു കഴിഞ്ഞ ആറ്‌ വര്ഷമായി അവർ താമസിച്ചിരുന്നത്. മകൻ സ്കൂളിൽ പോകാൻ തുടങ്ങിയപ്പോഴാണ് അല്പം സൗകര്യം കൂടിയ വീട് തേടാൻ അവർ തീരുമാനിച്ചത്.
ഇളം മഞ്ഞ നിറം പുരട്ടിയ വൃത്തിയും വെടിപ്പുമുള്ള വില്ലകൾ .താമസക്കാർ മിക്കവരും അറബ് വംശജർ.അയാളുടെ തൊട്ടയല്പക്കം തനിച്ചു താമസിക്കുന്ന ഒരു ഇറാഖി സ്ത്രീയും കുട്ടികളും ആയിരുന്നു.

കൊമ്പൌണ്ടിലെ രണ്ടു വാച്ച്മാന്മാരിൽ ‍ ഒരാളായിരുന്നു മദൻ. ഇരുപത്തിനാല് വയസ്സ് പ്രായമുള്ള വെളുത്തു മെലിഞ്ഞ കൃശഗാത്രൻ.ഇടതു കാലിനുഅല്പംമുടന്തുണ്ട്.മുച്ചുണ്ടിനു ശസ്ത്രക്രിയ ചെയ്തതിന്റെ പാടുകൾ മേൽച്ചുണ്ടിൽ കാണാം. സംസാരിക്കുമ്പോൾ ശബ്ദം വരുന്നതു കൂടുതലും മൂക്കിലൂടെ.
മഹൻ”. അവൻ പേര് പറയുമ്പോൾ പോലും മനസ്സില്ലാക്കാൻ നല്ല ബുദ്ധിമുട്ട് സാബ് ഒന്നൊ രണ്ടോ ശസ്ത്രക്രിയ ചെയ്താൽ സംസാരം ശരിയാകും. പൈസ കുറെ ആകുമായിരിക്കും .. ദുബായിയിൽ വന്നിട്ട് ഒരു വര്ഷമെ ആയിട്ടുള്ളല്ലൊ..

ഹിന്ദിയിൽ നിർത്താതെ അവൻ പറയുന്നത് പണിപ്പെട്ടു അയാൾ മനസ്സിലാക്കി എടുക്കും.
"മദന്റെ ജ്യേഷ്ടനും മിടുക്കനായിരുന്നു. ഈ കൊമ്പൌണ്ടിലെ ആദ്യ വാച്ച്മാൻ. ഏതോ അജ്ഞാത കാരണത്താൽ ഒന്നര വര്ഷം മുൻപ് വിഷം കഴിച്ചു മരിച്ചു" .
മദന്റെ മലായാളി കൂട്ടുകാരൻ അഷ്‌റഫ്‌ അയാളോട് പറഞ്ഞു.

അയാളും കുടുംബവും വീടുമാറി വന്നപ്പോൾ ആദ്യം ഓടി വന്നതു മദൻ ആയിരുന്നു. പറയുന്നതൊന്നും മനസ്സിലായില്ലെങ്കിലും അയാളുടെ അനുവാദം ചോദിക്കാതെ ഗൃഹോപകരണങ്ങൾ ഇറക്കി വെക്കുന്ന പഠാണികളുടെ കൂടെ അവനും കൂടി . കൂടെ അഷ്‌റഫും .
മദനെപ്പോലെ ഒരു വാച്ച്മാനെ ആദ്യമായി .. എന്തൊരു സ്നേഹം ആത്മാർഥത ഈ കോമ്പൗണ്ടിലെ മിക്കവരും പറയും..
ഇന്നലെ ആ ഇറാഖി സ്ത്രീയുടെ വീട്ടിലെ എയർ കണ്ടീഷനർ കേടായിട്ടു മദൻ ‍തന്നെ നന്നാക്കി കൊടുത്തു..മൈന്റെനൻസ് ആൾക്കാരെ വിളിച്ചാൽ ‍ ഉടനെ വരില്ലല്ലൊ”. അയാളുടെ ഭാര്യ പറഞ്ഞു .

ഇരുപത്തിനാലു വയസ്സിനുള്ളിൽ ഞാൻ ‍ എല്ലാപ്പണിയും ചെയ്തിട്ടുണ്ട് സാബ്. എട്ടാം ക്ലാസ്സ് കഴിഞ്ഞു അഞ്ച് വർഷം എലക്ട്രീഷ്യൻ ജോലി ചെയ്തു.
പിന്നെ രണ്ട് വർഷം പ്ലംബിംഗ് കൂടെ പെയ്ന്റിംഗ്. ആല്പം ഇലക്ട്രോനിക്സ്‌ റിപ്പയറിങ്ങും അറിയാം മദൻ പറഞ്ഞത് അയാൾ ‍ മനസ്സിലോ‌ർത്തു .

അര മണിക്കൂറോളം അയാൾ കാറ്റ് കൊണ്ട് അവിടെ ഇരുന്നു കാണുo.
തുളസിച്ചെടികൾക്കിടയിൽ നിന്നു എന്തൊ ജീവി ചാടി ഓടി.തൊട്ടടുത്തുള്ള മുരിങ്ങ മരത്തിനു ചോട്ടിലൊളിച്ചു. സാധാരണ വൈകുന്നേരങ്ങളിൽ അയാൾക്ക് കൂട്ടായി ഒരു പല്ലി മാത്രമെ അവിടെ കാണാറുള്ളൂ. അയാൾ  അടുത്തു ചെന്നു നോക്കി. അതു ക്ഷണ വേഗത്തിൽ ‍ ഓടി അടുക്കളയിൽ ‍ കയറി. അതു വഴി സ്വീകരണ മുറിയിലേക്ക് .

"അയ്യൊ എലി"
ചാരുകസേരയിൽ ഇരുന്ന അയാളുടെ ഭാര്യ അതിനെ കണ്ടതും ഉരുണ്ട് താഴെ
വീണു. പാറ്റ പല്ലി തുടങ്ങിയ ചെറിയ ജീവികളെ ഒക്കെ അവർക്ക്
പേടിയായിരുന്നു. നിലത്തിരുന്ന് മിക്കിയെ കണ്ടുകൊണ്ടിരുന്ന മകൻ ‌ ചാടി സോഫയിൽ കയറി.
ഒച്ച കേട്ട് എലി ടീവി സ്ടാണ്ടിനു പിന്നിൽ ‍ ഒളിച്ചു. അയാൾ
വന്നുനോക്കിയതും അത് ‍ മുൻ വാതിലിനടിയിലെ ചെറിയ വിടവിലൂടെ
നാളെ തന്നെ മദനെ വിളിച്ചു വാതിതിലിന്നടിയിലെ വിടവുകൾ അടപ്പിക്കണം
അയാളുടെ ഭാര്യ.
അന്നു രാത്രി അത് വീണ്ടും വന്നു.
ഉറങ്ങാനുള്ള ഒരുക്കത്തിൽ ‍ അടുക്കളയിലെ ലൈറ്റ് കെടുത്തിയ മാത്രയിൽ ടീവി
സ്ടാണ്ടിനു പിറകിൽ ‍ നിന്നവൻ ‍ ഓടി അടുക്കളയിലേക്ക് . അവിടെയും ലൈറ്റ്
തെളിഞ്ഞപ്പോൾ പിൻ വാതിലിനടിയിലൂടെ പുറത്തേക്ക്. പിന്നെ
അജ്ഞാതമായ വഴികളിലൂടെ അവന്റെ വിശാലമായ ലോകത്തേക്ക്.
അതു വീണ്ടും വരും ..എന്തൊക്കെ കരണ്ടു തിന്നു നശിപ്പിക്കുമോ ആവോ
ആയാളുടെ ഭാര്യ.
ശരിയാണ്. എലികൾക്ക് മായാവിദ്യ അറിയാം. സ്വയം ചെറുതായി
എവിടെയും കടന്നു കയറാൻ ‍ കഴിയുo. എന്തും കരണ്ടു തീർക്കാനും 
കഴിയുo”.
"എലികൾ ആഗ്രഹങ്ങൾ ‍ ആണ്". പറഞ്ഞു കേട്ടു മറന്ന എതൊ ആത്മീയ ഗുരുവിന്റെ വാക്കുകൾ ‍ അയാൾ ‍ ഓർത്തെടുത്തു.
പിറ്റേന്ന് രാവിലെ മദൻ വന്നു. നൊടിയിടയിൽ മാർബിൾ കഷണങ്ങൾ ‍ കൊണ്ട് രണ്ടു പുറം വാതിലുകലുടെയും വിടവുകൾ ‍ അടച്ചു .ഏന്നിട്ടും തുടർന്നുള്ള എല്ലാ ദിവസവും അത് ‍ അകത്തു കയറി.പല ദിവസവും ടീവി സ്ടാണ്ടിനു പീന്നിൽ ‍ അയാലും ഭാര്യയും മോനും ‍ അതിനെ കണ്ടു. ഒരു അടക്കയുടെ വലിപ്പമെ ഉള്ളൂ. ചാര നിറം. അല്പം വലിയ ചെവികൾ. കറുപ്പും തവിട്ടും കലർ കണ്ണ്കലൾ.നേർത്ത കാലുകൾ.
"നല്ല ഭംഗി".മോൻ ‍ പുഞ്ചിരിച്ചു.

എന്റെ പ്രീയപ്പെട്ട ബൊണ്സായി ചെടിയെപ്പൊലെ തന്നെ സുന്ദരന്. അയാൾ ‍ആത്മഗതം.
ബോണ്‍സായി മരങ്ങൾ ‍ അയാൾക്ക് പണ്ടേ പ്രീയപ്പെട്ടവയാണ്. പ്രത്യേകിച്ചും പ്രവാസം തുടങ്ങിയ നാൾ തൊട്ട്. നേഴ്സെറികളിൽ ‍ ചെന്നാൽ ‍ അയാൾ പലപ്പൊഴും ബോണ്‍സായി മരങ്ങളുടെ സൌന്ദര്യം ആസ്വദിച്ചു നിന്നുപോകാറുണ്ട്. അവയെ അങ്ങിനെ നോക്കിക്കിനിൽക്കുമ്പോൾ നാട്ടുമ്പുറത്തെ വലിയ ആല്മരത്തിന്റെ മർമരം അയാൾ കേൾക്കും.
ദുബായിയിൽ വന്നശേഷം നല്ല ബോണ്‍സായി ചെടി നോക്കി അയാൾ കുറെ നേഴ്സെറികളിൽകയറി ഇറങ്ങിയിരുന്നു.അവസാനം പച്ചക്കറി ചന്തക്കരികിലുള്ള സിറിയക്കാരന്റെ നേഴ്സെറിയിൽനിന്ന് മനസ്സിനിഷ്ടപ്പെട്ട ഒരു ബോണ്‍സായി ചെടി അയാൾ സ്വന്തമാക്കി. ഇപ്പോഴത്‌ ആറ്‌ വര്ശംമായി അവരുടെ കൂടെ. അതുപോലെ ..
ചെറിയ ചില്ലകൾ നിറയെ കടും പച്ച നിറത്തിൽ ‍ കട്ടിയുള്ള കുഞ്ഞിലകൾ.
വിടർന്ന കണ്ണുകളുടെ ആകൃതിയായിരുന്നു അവക്ക് .ഒന്നു വളഞ്ഞ്‌ വീണ്ടും തിരിഞ്ഞു, വീണ്ടും വളഞ്ഞ് അകാലത്തിൽ ജരബാധിച്ച പോലെയുള്ള തണ്ട് .
വേരുകൾ ദൃശ്യമല്ലായിരുന്നെങ്കിലും അതിന്റെ തണ്ട് അയാളെ സ്വന്തം ശരീരം ഓർമ്മപ്പെടുത്തി . തിളങ്ങുന്ന ഇലകളിൽ ‍ അയാൾ ‍ പലപ്പോഴും സ്വന്തം കണ്ണുകൾ തേടി .

"ആ എലി എന്തിനാ നമ്മുടെ വീട്ടിൽ വരുന്നതു??.. ഒന്നും തിന്നുന്നതായി കാണുന്നില്ല .
ഇതുവരെ ഒന്നും നശിപ്പിചിട്ടുമില്ല".

പിറ്റേന്ന് പുലർച്ചെ അയാളുടെ ഭാര്യയാണ് ആദ്യം അതു കണ്ടത്.
ദേ ബോണ്‍സായി മരത്തിന്റെ ചുവട്ടിൽ മണ്ണ് വീണു കിടക്കുന്നു"..
അയാൾ നോക്കി. ശരിയാണ്. ചട്ടിയിലെ മണ്‍ണും ഉഴുതു മറിച്ചിരിക്കുന്നു..
"ഇതു അതിന്റെ പണി തന്നെ".
"ബോണ്‍സായിയുടെ വേരുകളന്വേഷിച്ചിട്ട് എലിക്കെന്തു കാര്യം"?? അയാൾ സ്വയം ചോദിച്ചു.
ചെടി ഉണങ്ങി പോകുമൊ?”. മണ്ണ് വീണ്ടും നിറക്കുന്നതിനിടെ ഭാര്യ അയാളോട് ചോദിച്ചു.
അടുത്ത പ്രഭാതത്തിലും അയാൾ ‍ ആ കാഴ്ച്ച കണ്ടു. ചട്ടിയിലെ മണ്ണിൽ എലി ആഴ്നിറങ്ങിപരിശോധിച്ചതിന്റെ അടയാളം. മണ്ണ് കുറെയേറെ നിലത്ത്.
ബോണ്‍സായിയൊടു മുട്ടി തൊട്ടു പിന്നിൽ ‍മുകലിലേക്ക് ടീവി കേബിൾ കിടന്നിരുന്നു.. മുകളിൽ ‍ സ്ഥാപിച്ച ഡിഷ് ആന്റിനയിൽ നിന്നു വലിച്ചതാണ്.
നാടുമായുള്ള പൊക്കിൾ കൊടിയാണ് ഈ കേബിൾ അയാൾ ‍ പലപ്പൊഴും കൂട്ടുകാരോട് പറയും.
"എലി ഒരുപക്ഷെ നാളെ ഈ കേബിളും കരണ്ട് നശിപ്പിക്കുമൊ"??
"മദനൊടു പറഞ്ഞു എലിക്കെണി വാങ്ങാം. അല്ലെങ്കിൽ വേണ്ട കൊല്ലാൻ ഒക്കെ വല്യ ബുദ്ധിമുട്ടാകും എലിവിഷം വെക്കാം"
അയാൾ പറഞ്ഞു .
ദശകങ്ങൾക്ക് മുൻപ് വിഷം കഴിച്ചു മരിച്ച ‍കൊച്ചച്ചൻ ‍അന്നു രാത്രി ഒരു കടവാവലിന്റെ രൂപത്തിൽ അയാൾക്കരികിലെത്തി. ടീവി ആന്റിനയുടെ കേബിളിൽ ‍ തൂങ്ങി ഇറങ്ങി ...മുഖം വിറളി വെളുത്തിരുന്നുവെങ്കിലും ഇരട്ട വാലൻ ‍ കരണ്ട പഴയ ഫോട്ടോയിലെ മങ്ങിയ മുഖം അയാൾ ഓർത്തെടുത്തു.
ജോലിചെയ്തിരുന്ന ഗ്ലാസ്‌ ഫാക്ടറി മുതലാളി കള്ളക്കേസിൽ കുടുക്കിയതിന്റെ നിരാശയിൽ വിഷം കഴിച്ചു മരിക്കുകയായിരുന്നു കൊച്ചച്ചൻ എന്നയാൾ ഓർത്തു.
"മോനേ.. ഒരപേക്ഷ .. നീ എന്തും ചെയ്തോളൂ .. വിഷം ​വെക്കരുത്".
കൊച്ചച്ചൻ തൂങ്ങിയിറങ്ങി വന്ന കേബിൾ വഴി തന്നെ തിരികെ പോയി
പറന്നു ആകാശത്ത് മറഞ്ഞു.

പിറ്റേന്ന് പുസ്തകത്തിലെ മൃഗങ്ങളുടെപടം കണ്ടിരുന്ന മോൻ അയാളോട് ചോദിച്ചു .
"അച്ഛാ പുഴുക്കൾ മരിച്ചാൽ പൂമ്പാറ്റകളാകും
എലികൾ മരിച്ചാലാണോ  കടവാവലുളാകുന്നത് ?"
അയാളുടെ ചിന്തകൾ നഷ്ടപ്പെട്ട ഒരു കണ്ണി തേടി അലഞ്ഞു. തിരികെ വന്നപ്പോൾ അയാൾ ആല്മരച്ചുവട്ടിൽ. ഒരു ചോദ്യം ബാക്കി നിന്നു ..
ആഗ്രഹങ്ങൾ തീരാതെ മരിക്കുന്ന മനുഷ്യർ എന്തായി ജനിക്കും???

പിറ്റേന്നും എലി ബോണ്‍സായിയുടെ വേരുകൾ ‍ തേടി. പക്ഷെ ബോണ്‍സായിയുടെ ഇലകൾക്ക് ഒരു പ്രത്യേക തിളക്കം അയാൾ ‍ കണ്ടു.
"വാടുന്നതിനു പകരംബോണ്‍സായി തളിർക്കുകയാന്നെന്നു തോന്നുന്നു. അയാൾ പുഞ്ചിരിച്ചു.

"എലിക്കെണിയാണു നല്ലതു ഭായ് സാബ്. അതിനെ പിടിച്ചിട്ട്‌ എവിടെയെങ്കിലും കൊണ്ടെ കളയാം" മദൻ ‍പറഞ്ഞു.
"കൊല്ലണ്ട. അതു നമുക്കു ദ്രോഹമൊന്നും ചെയ്തില്ലല്ലൊ."അയാളുടെ ഭാര്യ ഇടപെട്ടു.
രാത്രിയിൽ മദൻ ‍ എലിക്കെണിയുമായി എത്തി.
പിറ്റേന്ന് രാവിലെ കെണിയിൽ വീണ എലിയെ കണ്ട് മോൻ തുള്ളിച്ചാടി .
കെണിക്കകത്തെ വിടവിലൂടെ എലി ദയനീയമായി അവനെ നോക്കി.
ഒരു കൈ കൊണ്ട് മുഖം ചൊറിഞ്ഞ് അതു ചെറുതായി അവനെ നോക്കി പല്ലിളിച്ചു.
"അച്ഛാ അതിനെ കൊല്ലരുത്"..
"ഭായി സാബ് വെള്ളിയാഴ്ച അവധി കിട്ടുമ്പോൾ ഞാൻ അതിനെ കൊണ്ടുപോയി സബ്ക ച്നതയിൽ എവിടെയെങ്കിലും ഉപേക്ഷിച്ചോളാം. ഇനി രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളൂ". മദന്‍ പറഞ്ഞു.
അടുത്ത രണ്ടു ദിവസം മദൻ ‍ അതിനെ ഒരു ചെറിയ കൂട്ടിലാക്കി അവന്റെ മുറിയിൽ തന്നെ സൂക്ഷിച്ചു.
എന്നും പതിവായി മൈതാനത്ത് ‍കളിക്കുന്ന കൊച്ചു കുട്ടികളുടെ സംഘം അന്ന് കളി വേണ്ടെന്നു വെച്ച് അതിനെ കാണാൻ ഗേറ്റിനു സമീപമുള്ള മദന്റെ മുറിക്കുമുന്പിൽ തിര്ക്കു കൂട്ടി.
ഏറ്റവും മുന്നിലായി അയ്യാളുടെ മകൻ, കൂടെ ഇറാഖി സ്ത്രീയുടെ ഏഴും നാലും പ്രായമുള്ള രണ്ടു ആണ്‍കുട്ടികൾ, അവർക്ക് പിന്നിലായി ഈജ്യ്പ്റ്റുകാർ കുട്ടികൾ ആർത്തു വിളിച്ചു
"മിക്കി മിക്കി"..
ചിപ്സ് ഇട്ടു കൊടുത്തിട്ടു മോൻ ‍ വിളിച്ചു .
ഇറാഖി കുട്ടികൾ ‍ ഏറ്റു വിളിച്ചു
മിക്കി തിരിഞ്ഞു നോക്കിയില്ല.

2

"മദന്റെ ഫോണ്‍ വന്നു.നാട്ടിലെത്തി".
അടുക്കളക്ക് ചേർന്ന് കാർ പാർക്കിൽ കാർ കഴുകിക്കൊണ്ടിരുന്ന മദന്റെ കൂട്ടുകാരൻ അഷ്രഫ് അറിയിച്ചു.
"എന്തൊരു നിയമമാണു  സാറേ ഇവിടെ". അഷ്രഫ് നെടുവീർപ്പിട്ടു.
ഇന്നലെ എയർപോർട്ടിൽ യാത്ര പറയാൻ അയാളും പോയിരുന്നു. മദന്റെ കരഞ്ഞു കലങ്ങിയ കണണുകളിലെ ചൂട് അയാളുടെ ദേഹത്തെ ബാധിച്ചത് പോലെ. അടുക്കളക്കു പിന്നിലെ ചെറിയ തുളസിക്കൂട്ടത്തിനരികിലേക്ക് അയാൾ ഇറങ്ങി നിന്നു. അയാളുടെ വീടിന്റെ ഇടതു വശത്തുള്ള ഇറാഖി സ്ത്രീയുടെ വീട്ടിൽ നിന്നു അപരിചിതമായ ഏതോ ഇറാഖി ബെദൊവിൻ നാടോടി താളം ഉയർന്നു കേൾക്കാമായിരുന്നു.
മുൻവശത്ത്‌ ഏതോ വണ്ടി ഭാരിച്ച സാധനങ്ങൾ ഇറക്കുന്ന ഒച്ച കേട്ടു അയാൾ അവിടേക്ക് ചെന്നു.
മുന്നില്‍വിലകൂടിയ ഫർനീച്ചർ കടയുടെ ബോര്ഡ് വെച്ച ട്രക്ക്. ഇറാഖുകാരിയുടെ വീട്ടില്‍ പുതിയഫർനീച്ചർ ഇറക്കുകയാണ്. ഏതാനും മണിക്കൂർ മുൻപ് പുതിയ ടീവിയുമായി കടക്കാർ ചെല്ലുന്നതും അയാൾ കണ്ടിരുന്നു.
എത്ര വേഗത്തിലാണ്‌ ആളുകൾ ഫർണീച്ചർ മാറ്റുന്നത് അയാൾ ആത്മഗതം.

വീടുമാറി വന്നതിന്റെ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ആദ്യമായി അവർ അയല്പക്കത്തെ മൂങ്ങ ലത്തീഫയെന്ന ഇറാഖു കാരി സ്ത്രീയെ കാണുന്നത്. വീടിനു വെളിയിൽ നിന്ന് അവർ അറബിയും ഇന്ഗ്ലീഷും കലർത്തി
ആക്രോശിക്കുന്നത് കേട്ടു.
"ബിന്റ്റ്ഹിമാർ .. ഒരു ജോലിയും ചെയ്യാത്ത നിനക്ക് ഇനിയും ശമ്പളം കൂട്ടി
തരണമെന്നോ???"
അത് വഴിവന്ന അഷ്‌റഫ്‌ പറഞ്ഞു.
"ഇതാണ് മൂങ്ങ ലത്തീഫ" . മൂങ്ങ എന്നത് അവൻ ഇട്ടുകൊടുത്ത പേരായിരിക്കണം . കണ്ടാൽ മൂങ്ങയുടെ ഛായയുണ്ട് "അയാൾ ചിരിച്ചു.
വലിയ കണ്ണുകൾ, നീണ്ട മൂക്ക്. തലയും ശരീരവും ഒന്നായി ചേർന്നിരിക്കുന്നു. കഴുത്തു കാണാൻ തന്നെ ഇല്ല. തോളറ്റം വരെ നീണ്ട ചെമ്പൻ മുടി. നാല്പതിനു മുകളിൽ പ്രായം പറയുo ..ഒരേണ്‍പതു കിലൊ എങ്കിലും ഭാരം കാണും. തല മൂടാത്ത കറുത്ത അബായ ആണ് അവർ ധരിച്ചിരുന്നത്.
അവർ ആക്രോശിച്ചത് അവരുടെ ഇന്തോനേഷ്യക്കാരി ആയയോടായിരുന്നു . തലമുഴുവൻ തട്ടമിട്ടു മൂടി റോസ് നിറത്തിലുള്ള മുഴുക്കയ്യൻ ഉടുപ്പും ചാര നിറമുള്ള അയഞ്ഞ പാന്റും ധരിച്ച മെലിഞ്ഞ ഒരു യുവതിയായിരുന്നു ആയ.
"ഹറാമി .. ഇപ്പോൾ തന്നെ ഇവിടെ നീന്നും ഇറങ്ങടീ " വീട്ടിനകത്തെക്ക് കയറി അവർ ആയയുടെ പെട്ടി വലിച്ചു പുറത്തേക്കെറിഞ്ഞു. ഇന്തോനേഷ്യക്കാരി ആയ നിലവിളിക്കുന്നുണ്ടായിരുന്നു.

 "മാസം തോറും ഭർത്താവിനെ മാറുന്ന നിന്റെ കൂടെ ആറു  വര്ഷം ജോലി ചെയ്ത എന്നെ അള്ളാഹു ശപിക്കും"..
മുറി ഇന്ഗ്ലീഷിൽ ഒടുവിൽ അവർ തിരിച്ചടിച്ചു.
മൂങ്ങലത്തീഫ ഓടിയടുത്തു. ഒരു കൈകൊണ്ടു അവരുടെ തട്ടത്തിൽ പിടിച്ചു. മറു കൈകൊണ്ടു മുഖമടച്ച് രണ്ടടി. കാർക്കിച്ചു മുഖത്താഞ്ഞൊരു തുപ്പ്‌.
നിലത്തു വീണുപോയ അവരെ ദൂരെ നിന്നോടി വന്ന മദനും അശ്രഫും പിടിച്ചെഴുന്നെല്പ്പിച്ചു. റോഡിലൂടെ വന്ന ടാക്സിക്ക് കൈകാണിച്ചു മദൻ അവരെ എമ്ബസ്സിയിലേക്ക് പറഞ്ഞു വിട്ടു.

പിന്നീടൊരിക്കലും ആയാളും ഭാര്യയും അവരോടു മിണ്ടാൻ ശ്രമിച്ചിട്ടില്ല. എന്നും അതിരാവിലെ മൂങ്ങ ലത്തീഫ സ്വയം കാർ ഓടിച്ചു ജോലിക്ക്പോകുന്നത് അവർ കാണാറുണ്ട്.
"മിനിസ്ട്രിയിൽ ആവണം ജോലി" അയാൾ പറഞ്ഞു.
ഏഴുവയസ്സും നാല് വയസ്സും പ്രായമുള്ള രണ്ടാണ്‍കുട്ടികൾ അവരുടെ മകന്റെ കൂടെ കളിയ്ക്കാൻ വരാറുണ്ട്. അവർക്കിടയിൽ അഞ്ചര വയസ്സുകാരി പെണ്‍കുട്ടിയും ഇളയതായി ഒന്നര വയസ്സുള്ള മറ്റൊരു പെണ്‍കുട്ടിയും കൂടി ഉണ്ട് അവർക്ക്.
"ഇന്തോനേഷ്യക്കാരി പറഞ്ഞത് ശരിയാ രാത്രിയിൽ പലരും അവിടെ വരുന്നുണ്ട്" അയാളുടെ ഭാര്യ ഒരിക്കൽ പറഞ്ഞതു അയാള് കേള്ക്കാത്ത ഭാവത്തിൽ നിന്നു.

ഫർണീച്ചർ ഇറക്കിയ ട്രക്ക് ബാക്കി വന്ന കാര്ടണുകളുമായി തിരികെ പോയി.
ഇതുപോലെ ഒരു സന്ധ്യക്കാണല്ലോ മൂങ്ങ ലത്തീഫ മദനെ വിളിപ്പിച്ചത് അയാൾ ഓർത്തു.
കൃത്യമായി പറഞ്ഞാൽ നാട് കടത്തപ്പെടുന്നതിന്റെ മൂന്നു ദിവസം മുന്പ്.

"മദൻ , ഏന്റെ ബെഡ്രൂമിലെ എയർ കണ്ടീഷ്ണനർ വീണ്ടും കേടായിരിക്കുന്നു വന്നു നൊക്ക് " മൂങ്ങ ലത്തീഫ മദനെ ഫോണ്‍ ചെയ്തു. മദൻപതിവു പോലെ ഓടിയെത്തി.
ഏറെക്കുറെ രണ്ടു മണിക്കൂറോളം അവൻ ഒറ്റയ്ക്ക് ഏസീ ശരിയാക്കുവാൻ ശ്രമിച്ചു.
" മാഡം ഇതല്പ്പം കുഴപ്പം പിടിച്ചതാണെന്ന് തോന്നുന്നു മൈന്റെനൻസ് ആൾക്കാരെ വിളിക്കേണ്ടി വരും"
" അന്റ കല്ബീ .. അവർ അലറി
അര്ഥം മനസ്സിലായ മദൻ വിളറി വെളുത്തു.
"ഏസീ ശരിയാക്കാതെ നീ എങ്ങും പോകണ്ട.. ഏസീ ഇല്ലാതെ എനിക്ക് ഉറങ്ങാൻ പറ്റില്ല"
അറബിയും ഇന്ഗ്ലീഷും കലര്ത്തി അവർ.

 മദൻ വീണ്ടും പണിയിൽ വ്യാപൃതനായി.

സമയം ഇഴഞ്ഞു നീങ്ങി , അവനെ തന്നെ സസൂക്ഷ്മം നോക്കി ഇടയ്ക്കിടെ ക്രുദ്ധയായി അവർ അരികെ.
" മാഡം ഇതിന്റെ കംപ്രസ്സർ മാറാതെ ഒന്നും ചെയ്യാനാവില്ല " വിയർപ്പ് തുടച്ചു കൊണ്ട് അവൻ അപേക്ഷിച്ചു.
മൂങ്ങ ലത്തീഫ ഓടി താഴേക്ക്‌ പോയി. താഴെ എന്തൊക്കെയോ എടുത്തെറിയുന്നതിന്റെ ശബ്ദം. അല്പം കഴിഞ്ഞ് അവർ തിരികെ കയറി വന്നു.
"ഇബന് ഹിമാർ" .. വീണ്ടും തെറി .
"വിളിക്ക് എന്റെ ഭർത്താവിനെ .. അയാളോട് കാര്യം പറ" മുറിയിൽ അവർ കാർക്കിച്ചു തുപ്പി.
മദൻ സ്വന്തം മൊബൈൽ ഫോണ്‍ കയ്യിലെടുത്തു. അവർ പലപ്പോഴായി പല പേരുകളും നമ്പറുകളും ഭർത്താവിന്റെതെന്നു പറഞ്ഞു അവനു കൊടുത്തിട്ടുണ്ട്. എന്ത് കാര്യത്തിനും അവൻ തന്നെ വിളിച്ചു
പറയുകയും വേണം.
ചിലപ്പോഴൊക്കെ വിളിക്കുമ്പോൾ അങ്ങേ തലക്കൽ നിന്ന് തെറി വിളി ഉയരും
"ബിന്റ്റ് ഷർമൂത്ത ലത്തീഫ" .. ഒന്നുകിൽ വിളികേട്ടയാൾ അവരെ ഉപേക്ഷിച്ചിട്ടുണ്ടാവും അല്ലെങ്കിൽ തിരിച്ച്.

ഒരു ശപിക്കപ്പെട്ട നിമിഷത്തെ അങ്കലാപ്പിൽ അവന്റെ നാവു പിഴച്ചു.
" മാഡം ഏതു ഭർത്താവിനെ ആണ് വിളിക്കേണ്ടത്"??
"ഹരാമീ" കയ്യിൽ കിട്ടിയ സാധനങ്ങൾ വെച്ച് മൂങ്ങ ലത്തീഫ മദനെ പൊതിരെ തല്ലി. സഹികെട്ടു അവൻ ഇറങ്ങി ഓടി.

ഭീതിയോടെ ഒരു പകൽ.
അയാൾക്കരികിൽ വന്ന് അവൻ കാര്യങ്ങൾ വിവരിച്ചു.
"സാരമില്ല മദൻ ഇനി അവർ വിളിച്ചാൽ പോകണ്ട. പരാതി വന്നാൽ ഞങ്ങൾ
എല്ലാവരും കൂടി ബിൽഡിംഗ്‌ ഓണർ അറബാബിനോട് പറഞ്ഞോളാം". അയാളുടെ ഭാര്യ ആശ്വസിപ്പിച്ചു

‍ "ഇന്നലെ ഞാൻ ‍ ദേഷ്യപ്പെട്ടതിനു ക്ഷമിക്കണം " മൂങ്ങ ലത്തീഫ മദന്റെ അരികെ ചെന്ന് മാപ്പപേക്ഷിചു. ഏസി ഞാൻ മൈന്റെനനസ്കാരെക്കൊണ്ട് ശരിയാക്കിക്കോളാം. ഇപ്പോൾ ചൂടൊന്നും അധികം ഇല്ലല്ലൊ.."
എന്റെ അടുക്കളയിലെ പൈപ്പ് പൊട്ടി .. നീ ഒന്ന് വന്നു ശരിയാക്കണം"
ഭവ്യതയോടെ അവർ. മദൻ പുറകെ ചെന്നു.

"ആഹ്ജുതാജു അൽമുസാദ "...
പിന്നീട് ലത്തീഫയുടെ അലമുറയാണ് ആളുകള് കേട്ടത് ഇരുപത്തഞ്ചു വീടുകളിലും അതിന്റെ അലകളെത്തി.
കുറെ ഫോണ്‍ വിളികൾ മാത്രമേ പിന്നീടു അവർക്ക് വേണ്ടിവന്നുള്ളൂ. പോലീസ് പാഞ്ഞെത്തി. വിലങ്ങണിഞ്ഞു മദൻ കാറിൽ .
"സ്ത്രീകൾ പരാതി കൊടുത്താൽ ഞങ്ങൾക്കധികം ഒന്നും ചെയ്യാനില്ല . സംഭവം അവരുടെ വീടിനകതല്ലേ നടന്നത്‌. അയാൾ ജയിലിൽ ആകാഞ്ഞത് ഭാഗ്യം".
മദനെ സഹായിക്കാനവുമോ എന്ന് ചോദിച്ചപ്പോൾ പരിചയമുള്ള സുഡാനി വക്കീൽ ആഫ്രിക്കൻ അറബിച്ചുവയുള്ള ഇന്ഗ്ലീഷിൽ അയാളോട് പറഞ്ഞു.

പോലീസ് കൊണ്ടുപോയി ഒരു ദിവസത്തിനകം മദൻ നാടു കടത്തപ്പെട്ടു.എയർപോർട്ടിൽ യാത്ര പറയാൻ അയാൾ ചെന്നപ്പോൾ മദൻ വാവിട്ടു കരഞ്ഞു "ഭായ് സാബ്. ഞാൻ എങ്ങിനെ തിരിച്ചു പോകും. വിസയുടെ പണം പോലും അടച്ചു തീർന്നിട്ടില്ല. നേപ്പാളിൽ അചഛനും പറക്കമുറ്റാത്ത മൂന്ന് സഹോദരിമാരും രണ്ടു സഹോദരങ്ങളും.

3

അടുത്ത ദിവസം രാവിലെ പുറത്ത് നിന്ന് പത്രം എടുക്കാൻ വാതിൽ തുറന്ന അയ്യാളുടെ ഭാര്യ ആ കാഴ്ച കണ്ടു.
"മൂങ്ങ ലത്തീഫയുടെ വീടിനു മുൻപിൽ ‍ ആളുകള് ‍ തടിച്ചു കൂടിയിരിക്കുന്നു" അയാള് ഇറങ്ങി വന്നു. അഷ്രഫ് അവരുടെ വാതിലിനു പുറത്ത് നിന്നൊളിഞ്ഞു നോക്കുന്നത് കണ്ടു. അയാളും ചെന്നെത്തി നോക്കി. വീട്ടിനുള്ളില്‍ ഒരു ചെറു സ്ഫോടനം നടന്ന പ്രതീതി.പുക ഇല്ല എന്ന ഒരു വ്യത്യസം മാത്രം. പുതിയ സോഫ മുഴുവൻ കീറിപ്പറിഞ്ഞു പല കഷ്ണങ്ങളായിരിക്കുന്നു. വിലകൂടിയ പേര്ഷ്യൻ കാര്പെറ്റ് നുറുങ്ങി കിടക്കുന്നു ജനാലയുടെ കര്ടനുകളും പൊടിഞ്ഞു കിടക്കുന്നു. ടീവി സ്ക്രീൻ നിറയെ വരിഞ്ഞ പാടുകൾ.
മുറിയിലെ വയറുകൾ ഒക്കെ മുറിച്ചിട്ടിരിക്കുന്നു.ഇറാഖിലെ പഴയ ബോംബാക്രമണ വാർത്തകൾ അയ്യാൾ ഓർത്തു.
സ്ഥബ്ദയായി തലയിൽ കൈ വച്ച് മൂങ്ങ ലത്തീഫ.

"ഇത്രയല്ലേ വന്നുള്ളൂ അവൾക്കിതിലധികം കിട്ടണമായിരുന്നു"
അഷ്‌റഫ്‌ തിരിഞ്ഞു നടന്നു.

4


അന്നും അയാളുടെ മകനും കൂട്ടുകാരും മിക്കിയെ കാണാൻ ‍ ചെന്നു.
അതിന്റെ കൂടൊഴിഞ്ഞിരുന്നു.

അന്ന് രാത്രി അയാൾ വീണ്ടുംനാട്ടുമ്പുറത്തെ ആൽച്ചുവട്ടിലെത്തി. സൂര്യൻ അസ്തമിക്കാനൊരുങ്ങി നില്ക്കുന്നു. ആകാശത്തിനു വന്യമായ ഒരു ചുവപ്പ്..
പൊടുന്നനെ എങ്ങുനിന്നോ പറന്നു വന്ന കടവാവൽകൂട്ടം ആൽമരത്തിൽ തലകീഴായി തൂങ്ങിക്കിടന്നു. അവയുടെ മുഖങ്ങൾ അവനു പരിചിതമായിക്കഴിഞ്ഞിരുന്നു..



1 അഭിപ്രായം:

  1. "ഇത്രയല്ലേ വന്നുള്ളൂ അവൾക്കി തിലധികം കിട്ടണമായിരുന്നു"

    അതുതന്നെ.

    കഥ സൂപ്പര്‍ ആയിട്ടുണ്ട് കേട്ടോ

    മറുപടിഇല്ലാതാക്കൂ

ആകെ പേജ്‌കാഴ്‌ചകള്‍